ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടി-വളക്കൈ-ചുഴലി റോഡിലെ പയറ്റുചാൽ സാൻതോം ബസ് സ്റ്റോപ്പിന് സമീപത്തുള്ള കലുങ്ക് അപകടാവസ്ഥയിൽ.
അടിഭാഗം ദ്രവിച്ച് ഏതുസമയവും നിലംപതിക്കാറായ രീതിയിലാണുള്ളത്. വർഷങ്ങളുടെ പഴക്കമുള്ള ഈ കലുങ്കിന് മുകളിലൂടെ ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.
വളക്കൈയിൽ നിന്ന് ചുഴലി, ചെമ്പന്തൊട്ടി ഭാഗങ്ങളിലേക്കും മലയോരമേഖലകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന റോഡാണിത്. കലുങ്കിന്റെ ഉൾഭാഗത്തെ കരിങ്കൽഭിത്തി പുറത്തോട്ട് തള്ളിയനിലയിലാണ്.
ഇതിന്റെ കോൺക്രീറ്റ് കമ്പികൾ എല്ലാഭാഗത്തും തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. ഈ പ്രദേശത്തെ നാട്ടുകാർ അപകടസാധ്യത കണക്കിലെടുത്ത് ഇവിടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
വലിയ അപകടമുണ്ടാകുന്നതിന് മുന്പ് കലുങ്ക് പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പഞ്ചായത്തംഗങ്ങളായ അലക്സാണ്ടർ കുഴിയാത്ത്, സഫൂറ പൊള്ളയാട്, പിഡബ്ല്യുഡി കണ്ണൂർ മെയ്ന്റനൻസ് വിഭാഗം ഓവർസിയർ വിപീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.